Friday, August 5, 2011

കുതിച്ചു പായാന്‍ ജലരാജാക്കന്മാരുടെ ചക്രവര്‍ത്തികാരിച്ചാല്‍

ജലരാജാക്കന്മാരുടെ ചക്രവര്‍ത്തിയാവാന്‍ കുതിച്ചാണ് പുന്നമടയിലേക്ക് കാരിച്ചാലിന്റെ വരവ്. കൈനകരി, കുട്ടമംഗലം നെഹ്രുട്രോഫി വാര്‍ഡ്, എടത്വ എന്നീ പ്രദേശങ്ങളിലെ മിടുക്കന്മാരായ തുഴച്ചില്‍ക്കാരുടെ കൂട്ടായ്മയില്‍ ഈ വര്‍ഷം രൂപവത്കരിച്ച ഫ്രീഡം ബോട്ട് ക്ലബ് ആലപ്പുഴയാണ് നെഹ്രുട്രോഫിയില്‍ കാരിച്ചാലില്‍ തുഴയുന്നത്. ക്യാപ്റ്റന്‍ ജിജിജേക്കബ് പൊള്ളയിലിന്റെ നേതൃത്വത്തില്‍ നെഹ്രുട്രോഫിയില്‍ മുത്തമിടാനുള്ള തീവ്രപരിശീലനത്തിലാണ് ക്ലബ്അംഗങ്ങള്‍. ജൂലായ് ഒന്നുമുതല്‍ പള്ളാത്തുരുത്തിയിലെ ക്യാമ്പില്‍ താമസിച്ചാണ് പരിശീലനം. പള്ളാത്തുരുത്തി പമ്പയാറ്റില്‍ രാവിലെ 7നും ഉച്ചകഴിഞ്ഞ് 3നും രണ്ടു പ്രാവശ്യം വീതം പരിശീലനത്തുഴച്ചില്‍ നടത്തും. ചൊവ്വാഴ്ച 32 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി. ലീഡിങ് ക്യാപ്റ്റന്‍ സുനിലിന്റെ വിസിലിനൊപ്പം കുട്ടനാടന്‍ ശൈലിയില്‍ ഒരേ താളത്തില്‍ തുഴഞ്ഞുള്ള പരിശീലനമാണ് നടക്കുന്നത്. ഫ്രീഡം ബോട്ട്ക്ലബ്ബിന് കന്നിമത്സരത്തില്‍ത്തന്നെ നെഹ്രുട്രോഫിയില്‍ മുത്തമിടാനാകുമെന്ന് ക്യാപ്റ്റന്‍ ജിജിജേക്കബ്‌പൊള്ളയില്‍ പറയുന്നു. ഷാജി ആലപ്പുഴയാണ് ഒന്നാം പങ്കായം, നോയലാണ് ചുണ്ടനിലെ ഒന്നാം തുഴക്കാരന്‍. പള്ളാത്തുരുത്തിയില്‍ പരിശീലനതുഴച്ചില്‍ നടത്തിയാണ് 120 തുഴച്ചില്‍ക്കാരെ തിരഞ്ഞെടുത്തത്. 79 തുഴച്ചില്‍ക്കാര്‍, അഞ്ച്പങ്കായക്കാര്‍, 7 നിലയാള്‍ എന്നിവര്‍ മത്സരസമയത്ത് ചുണ്ടനിലുണ്ടാവും. കാരിച്ചാല്‍ സ്വദേശികളായ 453 ഓഹരി ഉടമകളുടേതാണ് ചുണ്ടന്‍. 1970ല്‍ നീരണിഞ്ഞ ചുണ്ടന് അന്‍പത്തിഒന്നേകാല്‍ കോല്‍ നീളവും അന്‍പത്തിരണ്ട് അംഗുലം വീതിയുമാണ് ഉള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പി കോഴിമുക്ക് നാരായണന്‍ ആചാരിയാണ് ചുണ്ടന്‍ നിര്‍മ്മിച്ചത്. 99ല്‍ നാരായണന്‍ ആചാരിയുടെ മകന്‍ ഉമാമഹേശ്വരനും.
2008ല്‍ ചങ്ങങ്കരി വേണു ആചാരിയുമാണ് ചുണ്ടന്‍ പുതുക്കി പണിതത്.

2 ഹാട്രിക്ക് അടക്കം 15 തവണ നെഹ്രുട്രോഫി നേടിയ ചരിത്രമുള്ള ചുണ്ടനാണ് കാരിച്ചാല്‍. 1973,74,75,76,80,82,83,84,86,8​7, 2000,2001,2003,2008,2011,2016വര്‍ഷങ്ങളി​ലാണ് കാരിച്ചാല്‍ ജലരാജാക്കന്‍മാരുടെ ചക്രവര്‍ത്തിയായത്. കേരളത്തിലെ വിവിധ പ്രാദേശിക ജലോത്സവങ്ങളിലും കാരിച്ചാല്‍ ചരിത്രവിജയം നേടിയിട്ടുണ്ട്. ഇത്തവണ പുന്നമടയില്‍ കുട്ടനാടന്‍ കൈക്കരുത്തില്‍ പുതിയ ചരിത്രമെഴുതാനുള്ള കുതിപ്പിലാണ് കാരിച്ചാല്‍ ചുണ്ടന്‍

No comments:

Post a Comment